Followers

Saturday, 2 November 2013

കഥ- 'റോയല്‍ ബഫൂണ്‍‍സ്'


                 

                              എട്ടു ദിവസമായി അച്ഛന്‍ വീട്ടിലെത്തിയിട്ട്. കൊമ്പന്‍ സര്‍ക്കസ്സിലേക്ക് അത്യാവശ്യമായി പന്ത്രണ്ട് കോമാളികളെ വേണ- മെന്ന് വിളി വന്ന വെളുപ്പാന്‍കാലത്ത്‌ ഒരു ഒറ്റമുണ്ടും കറുത്ത കോട്ടും അണിഞ്ഞിറങ്ങിപ്പോയതാണ്. ആദ്യദിനം ആരും പരസ്പരം അന്വേഷിച്ചില്ല. രണ്ടാം ദിനം അമ്മയെന്‍റെ  കണ്ണുകളിലേക്ക് ദയനീയമായി നോക്കി, ഞാന്‍ ഇരട്ടി വേഗത്തില്‍ മാനത്തേക്കും. മൂന്നാം ദിനം മുതല്‍ മാത്രമാണ് അമ്മ കരഞ്ഞു തുടങ്ങിയത്. നിലത്തുവീണ കണ്ണുനീരില്‍ കണ്മഷിയുടെ കറുപ്പും ലിപ്സ്റ്റിക്കിന്‍റെ ചുവപ്പും കലങ്ങി പുതിയൊരു നിറം തന്നെ സൃഷ്ടിക്കപ്പെട്ടു.
                            അച്ഛന്‍, 'റോയല്‍ ബഫൂണ്‍സ്' എന്ന പേരില്‍ സര്‍ക്കസ്സി
ലേക്ക് കോമാളികളെ വിതരണം ചെയ്യുന്ന സാമാന്യം വിറ്റുവരവുള്ള ഒരു കമ്പനി നടത്തിപ്പോരുകയായിരുന്നു. അങ്ങനെ അദ്ദേഹം കഷ്ടപ്പെട്ട്  വ്യാപാരം ചെയ്താണ് ഭക്ഷണത്തിനു വിശന്ന എന്‍റെ വയറ്റിലേക്ക് കഞ്ഞിയും ബിയറും നിറച്ചു തന്നത്. ഇനിയിപ്പോള്‍ ..... എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല. അന്വേഷിക്കാന്‍ ഇനിയൊരു സ്ഥലമോ സ്ഥാപനമോ ബാക്കിയില്ല . കഴിഞ്ഞ വര്‍ഷം പിണങ്ങിയിറങ്ങിയതില്‍ പിന്നെ തട്ടാമല ശാന്തയുടെ ഭവനത്തില്‍  ചെന്നു കയറിയതും അച്ഛനെ അന്വേഷിക്കാനാണ്. സര്‍വ്വ ഈശ്വരന്‍മാര്‍ക്കും അമ്മ നേര്‍ച്ച നേര്‍ന്ന് കാത്തിരിപ്പാണ്.സ്വത്തിന്‍റെ കാര്യത്തില്‍ യാതൊരുവിധ തീര്‍പ്പും നടത്തിയിട്ടില്ല. എല്ലാം അമ്മയ്ക്കും, അവരുടെ ഏകസന്താനമായ എനിക്കും എന്നു കരുതി സമാധാനിക്കാമെങ്കിലും, എവിടെന്നെങ്കിലും ഏവനെങ്കിലും കയറി വരില്ലെന്ന് ആരു കണ്ടു. 
                         പുറത്ത്, തുരുമ്പെടുക്കാത്ത ലോഹകമ്പികള്‍ തലങ്ങും വിലങ്ങും ചേര്‍ത്ത് വച്ച് അച്ഛന്‍ നിര്‍മ്മിച്ച കൂട്ടില്‍ ഇപ്പോഴും കുറച്ചു കോമാളികള്‍ ബാക്കിയുണ്ട്. പിന്തുടര്‍ച്ചാവകാശം സ്ഥാപിച്ചു കിട്ടണമെങ്കില്‍ അച്ഛന്‍റെ വ്യാപാരം ഞാന്‍ നടത്തിയേ മതിയാകൂ എന്ന്‍ കുടുംബവക്കീല്‍ എഴുതി അറിയിച്ചിട്ടുണ്ട്. ചെയ്യണം...... വെറുതെ ഇരുന്നാല്‍ മതിയാകില്ല. അമ്മയ്ക്കോ, അച്ഛനോ, എനിക്കോ വേണ്ടിയല്ല, ആ  കോമാളികള്‍ക്ക് വേണ്ടിയാണ്. അവരുടെ മീശയുള്ള ദൈവങ്ങള്‍ക്ക് ഉത്സവപ്പിരിവ് നല്കണം, ഉത്സവത്തിന്‍റെ അവസാനദിനം സദ്യാദാനം നല്കണം, എല്ലാ കുടുംബത്തിനും തിരിച്ചറിയല്‍കാര്‍ഡ്  നല്കണം, മേലേക്ക് നോക്കി വാപൊളിക്കാന്‍ എന്‍റെ ജന്മനാളില്‍ ഒരു വലിയ കരിമരുന്നു പ്രയോഗം സംഘടിപ്പിക്കണം. ഇതെല്ലാം അച്ഛന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ആശ്രിതസേവന പ്രവര്‍ത്തനങ്ങളാണ്. അതു നിലച്ചാല്‍ പാവം ആ കോമാളി കുടുംബങ്ങള്‍ സങ്കടപ്പെടും, അച്ഛനെ ശപിക്കും. അതിനിട വരുത്തരുത്.
                       കോമാളികളെ ആവശ്യപ്പെട്ട് ഇപ്പോഴും സര്‍ക്കസ്സ് ഉടമകള്‍ വിളിക്കുന്നുണ്ട്. അച്ഛന്‍റെ  തിരോധാനം അറിയാത്തവരാവും അവര്‍. നന്ന്,‍ നാളെ മുതല്  കുടുംബ ബിസിനസ്സ് ഏറ്റെടുക്കണം . പുറത്ത് കൂട്ടിലുള്ള കോമാളികളെ കൂടാതെ   കുറച്ചെണ്ണത്തിനെ ചേരിയില്‍ നിന്നും വരുത്താം . കുള്ളന്‍ കോമാളികള്‍ക്കാണ് ആവശ്യക്കാരേറെ. ഗതികേടിന് കൂട്ടിനുള്ളില്‍ കുള്ളന്‍ കോമാളികളുടെ എണ്ണം വളരെ കുറവാണ്. സാരമില്ല ചേരിയില്‍ നിന്നും കുട്ടികളെ വേഷം കെട്ടി നിറുത്തിയാല്‍ ആരും തിരിച്ചറിയാന്‍ പോകുന്നില്ല. ചേരിയിലെ  കുട്ടികള്‍  പള്ളികൂടത്തില്‍   പോകുന്നത്  അച്ഛനു വെറുപ്പായിരുന്നു,  പാഠപുസ്തകങ്ങള്‍   അദ്ദേഹത്തിന്‍റെ  ജനനകാലം വരെ മാത്രമേ പരിഷ്കരിക്കപ്പെട്ടിരുന്നുള്ളൂ.  അതുകാരണം കിടാങ്ങള്‍  ഏറെപ്പേരും  പള്ളികൂടത്തിനു കല്ലെറിയാന്‍ പഠിച്ചു. എല്ലാം അച്ഛന്‍റെ  ദീര്‍ഘവീക്ഷണം. അയല്‍നഗരത്തിലെ വലിയ സ്കൂളില്‍ പഠിച്ച എനിക്ക് ആ ഭാഗ്യം ഉണ്ടായിട്ടില്ല. 
                         നാളെ മുതല്‍ ഞാന്‍ വ്യാപാരത്തിനിറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അമ്മ കുറേ ഉപദേശിച്ചു. കോമാളികളുടെ ഇടയില്‍ ഈയിടെയായി പാപചിന്തകള്‍ പൊട്ടിമുളച്ചിട്ടുണ്ട്. അവര്‍ അനാവശ്യത്തിനു ഭക്ഷണവും, ധൂര്‍ത്തടിക്കാന്‍ വെള്ളവും ചോദിക്കുന്നു. സാമ്പത്തികസമത്വം എന്നൊന്ന് വേണമെന്ന് അവരിലൊരുവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി ചോദിച്ചത് അമ്മ കണ്ടിട്ടുണ്ടത്രേ. ആ വാക്കിന്‍റെ അര്‍ത്ഥം അച്ഛന് അറിയില്ലാത്തതിനാല്‍ ചോദിച്ചവന്‍ രക്ഷപ്പെട്ടു. ഇത്തരത്തില്‍  ചില അപകടകാരികള്‍ കൂട്ടിനുള്ളിലും ഉണ്ട്. അതുകൊണ്ട് കൂട് തുറക്കാതെ   തന്നെ അതിനെ ഏതെങ്കിലും വാഹനത്തില്‍ കെട്ടി വലിച്ചുകൊണ്ട് പോകുന്നതാണ് നല്ലതെന്നാണ് അമ്മയുടെ പക്ഷം. ഇനി ആ നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നു വേണ്ട.
                               അച്ഛന്‍റെ ഡയറി നോക്കി മനസ്സിലാക്കിയതാണ്, നാളെ മൂന്നിടങ്ങളില്‍ കോമാളികളെ വിതരണം ചെയ്യാനുണ്ട്. അതിരാവിലെ ഉണരണം. ചിന്തകള്‍ നിലയ്ക്കുന്നില്ലല്ലോ............. കണ്ണുംപൂട്ടി കിടക്കാം...............
**  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **
                          
                            ഉണരാന്‍  താമസിച്ചു പോയി. സാരമില്ല, ഒരല്പം വേഗത്തില്‍ വാഹനമോടിച്ചാല്‍ സമയക്രമം പാലിച്ചു തന്നെ മൂന്നിടങ്ങളിലും എത്തിപ്പെടാം. അടുക്കളവശത്ത്‌, കോമാളികൂട്ടിനുള്ളില്‍  കുറേ ചീവീടുകള്‍ കരയുന്നപോലെ ശബ്ദങ്ങള്‍  ‍ ‍ കേള്‍ക്കാം. എല്ലാപേരും ഉണര്‍ന്നു കഴിഞ്ഞു. ഒരു 'ഗുഡ് മോര്‍ണിംഗ്' പറഞ്ഞ് അടുത്തേക്ക് ചെന്നപ്പോള്‍ അവര്‍ക്കെല്ലാം എന്തു സന്തോഷം!. ഏതാണ്ടെല്ലാ പേരും തങ്ങളുടെ മുഖത്ത് ചായംതേച്ച്‌ , പല വര്‍ണ്ണത്തിലുള്ള കുപ്പായവും അണിഞ്ഞ് തയ്യാറായി നില്പ്പുണ്ട്. ബാക്കിയുള്ളവര്‍ അവസാനവട്ട മിനുക്ക്‌ പണികളിലാണ്. കുറച്ചു പേര്‍ എന്നെ ആരാധനയോടെ നോക്കുന്നുണ്ട്. കുറച്ചു പേര്‍ ആവേശത്തോടെ അഭിവാദ്യം ചെയ്തു. കുറച്ചു പേര്‍ കമ്പിയഴികളില്‍ മുഖം ചേര്‍ത്ത് രഹസ്യമായി ഇന്നലെ കൂട്ടിനുള്ളില്‍ എനിക്കെതിരായി നടന്ന ചര്‍ച്ചകള്‍ ചോര്‍ത്തിതന്നു. വേറെ കുറച്ചു പേര്‍ മാത്രം ഒരു കോണില്‍ മാറിനിന്ന്‍ ഈര്‍ഷ്യയോടെ നോക്കുന്നു. ഇവരായിരിക്കും അമ്മ പറഞ്ഞ കുഴപ്പക്കാര്‍. വരട്ടെ കാണാം.... ഞാനൊരു വലിയ ചങ്ങലയെടുത്ത് കൂടിനെ വാഹനത്തിനു പിന്നിലായി ബന്ധിച്ചു. പോകാമോ എന്നവരോട് ആംഗ്യഭാഷയില്‍ ചോദിച്ചു. ഭൂരിപക്ഷം പേരും പോകാമെന്ന് തലയാട്ടി കാണിച്ചു.വാഹനം ചലിച്ചു തുടങ്ങി.
************************************************************************
                    ഞാനാകെ സ്തബ്ധനായിപ്പോയി .. ഇതെങ്ങനെ സംഭവിച്ചു? അച്ഛന്‍ വിതരണം ചെയ്യാത്ത ദിവസങ്ങളിലും സര്‍ക്കസ്സ് കമ്പനികള്‍ക്ക് കോമാളികളെ ആവശ്യമുണ്ടായിരുന്നല്ലോ, അവര്‍ അച്ഛനെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ കിട്ടിയ അവസരം മുതലാക്കിയ അച്ഛന്‍റെ പഴയ ഒരു ആശ്രിതകോമാളി,  വേറെ ചില കോമാളികളേയും  കൂട്ടി ഒരു സംഘം രൂപീകരിച്ച് സര്‍ക്കസ്സ് മുതലാളിമാര്‍ക്ക് കോമാളികളെ വിതരണം ചെയ്ത് തുടങ്ങിയിരിക്കുന്നു. 'കോമാളികള്‍ക്കു വേണ്ടി കോമാളികളാല്‍ രൂപീകരിക്കപ്പെട്ട കോമാളികളുടെ സംഘം' എന്ന പരസ്യവാചകം നല്കി ,'അഖിലലോക കോമാളിസംഘം' സര്‍ക്കസ്സ് കമ്പനികളില്‍ കയറിയിറങ്ങി വിതരണം നടത്തുന്നു. കോമാളികള്‍ ഭരിക്കുന്ന സര്‍ക്കസ്സ്കൂടാരങ്ങള്‍ എന്ന കളവ് പ്രചരിപ്പിച്ചാണത്രേ ചേരികളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും അവര്‍ ആളെ സംഘടിപ്പിച്ച് കോമാളികളാക്കിയത്. പക്ഷേ  അവരും ഞാനും ഒരേ   വ്യാപാര മാണല്ലോ    ചെയ്യുന്നത്. ഒരേ തൊഴില്‍ രണ്ടു തരത്തില്‍ .
                  ആദ്യം ചെന്ന രണ്ടിടങ്ങളിലും , ഞാന്‍  പിണങ്ങും  എന്ന്‍ കരുതിയിട്ടാകണം , കുറച്ചു പേരെ നിര്‍ത്തി പോകാന്‍ പറഞ്ഞു. അതെന്തായാലും ആശ്വാസം. മൂന്നാമത്തെയിടത്തില്‍ ഒരൊറ്റയൊന്നിനെ പോലും വേണ്ട എന്നു തീര്‍ത്തു പറഞ്ഞു.എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പരിസരബോധം നഷ്ടപ്പെട്ട് കരഞ്ഞു. 'റോയല്‍ ബഫൂണ്‍‍സ്'  കോമാളികളില്‍ ചിലര്‍ ചിരിക്കുകയും, ചിലര്‍ കരയുകയും, ചിലര്‍ പാതിമുഖത്തില്‍  ചിരിക്കുകയും മറ്റേ പാതിയില്‍ കരയുകയും ചെയ്തു. അപ്പോഴാണ്‌ 'അഖിലലോക കോമാളിസംഘം'  എന്നെഴുതിയ വാഹനം എന്‍റെ മുന്നിലൂടെ ചീറിപാഞ്ഞ്‌ പോയത്.    ആ വാഹനത്തിന്‍റെ പുറകിലെ ജനാല വഴി ഒരു വയസ്സന്‍ കോമാളി എന്നെ ദയനീയഭാവത്തില്‍ സൂക്ഷിച്ചു നോക്കുന്നു. ആര്‍ക്കും വേണ്ടാതെ വന്നതായിരിക്കാം. അല്ലെങ്കില്‍ അടുത്ത കമ്പനിയിലേക്ക് വിതരണം ചെയ്യാനുള്ളതായിരിക്കാം..
                    അല്ല............ കണ്ണുനീര്‍ തുടച്ച് ഞാന്‍ സൂക്ഷിച്ചു നോക്കി ...... ആ കോമാളിക്ക് എന്‍റെ അച്ഛന്‍റെ മുഖച്ഛായയായിരുന്നു.........
                                                                           
                                                                                           vijith vijayan

Tuesday, 15 October 2013

കവിത- വിശപ്പിന്‍റെ കവിതകള്‍

                 ഉത്തരം

 
ഉത്തരംമുട്ടണമവര്‍ക്കെന്നാണയി-
ട്ടൊരുക്കിയ കടുംകട്ടി ചോദ്യങ്ങളത്രയും
ഉച്ചനേരത്തെപ്പരീക്ഷയില്‍ ചേര്‍ത്തതിന്‍
തെറ്റളന്നളന്നളന്നെത്തിയ ഞാനൊരുത്തരം കണ്ടു പകച്ചു,

'എനിക്ക് വിശക്കുന്നു'


 

                അടിവയറ്റിലെ വിശപ്പ്

 
വെള്ളിനിലാവില്‍- വെളിയിലൊരു പൂവിരിയും
യാമത്തിലെന്നെ വിളിച്ചുണര്‍ത്തി നീ പറഞ്ഞു,
" എനിക്ക് വിശക്കുന്നു".
തുള്ളിയൊഴിയാതടര്‍ന്ന മഴ, കള്ളപ്പനി-
ക്കുളിരിലെന്നെ പുണര്‍ന്നു നീ പറഞ്ഞു,
" എനിക്ക് വിശക്കുന്നു".
കേട്ടപാതി, കേള്‍ക്കാത്തപാതി
പടനയിച്ചു ഞാന്‍ പിടിച്ചടക്കിയ
ചാമ്പവനം,മാകന്ദവനം,മാതളവനം.
എന്നിട്ടും,
ഒരു നീണ്ട വാക്യത്തിലെന്നെ നീയുപേക്ഷിച്ചു.
 
"വയറ്റിലെ വിശപ്പിനേക്കാള്‍ വലുതാണ്‌
അടിവയറ്റിലെ വിശപ്പെന്നോര്‍ക്കുക വല്ലപ്പോഴും".
 
 
 

                 നിലവിളി

 
ചക്രവാളത്തിന് ചുവപ്പായിരുന്നു
ചന്ദനമരത്തിന് സുഗന്ധമായിരുന്നു
നിന്‍റെ വിയര്‍പ്പില്‍ ഉപ്പായിരുന്നു.
അതുകണ്ടിറങ്ങി വന്നയെന്നെ-
യീ കുന്നിലിരുത്തി നീ പൂവും പൂജയും തന്നു.
ദൈവത്തിനും വിശപ്പാകാമെങ്കില്‍
ഈ വായില്ലാകുന്നിലപ്പന്‍റെ വിശപ്പ്-
ഒന്നുറക്കെ നിലവിളിക്കാനാണ്.
 
 
 

 

Thursday, 8 August 2013

കവിത- മൂന്ന് ചോദ്യങ്ങള്‍


 

  മൂന്ന്‍ ചോദ്യങ്ങള്‍  

                                                                                 vijith vijayan

പിറവി,
പിള്ളത്തൊട്ടിലില്‍ കയ്യുംകാലുമിട്ടടിച്ചു കരഞ്ഞു.
ചുറ്റും നിന്നവര്‍,
ചിരിച്ചുകൊണ്ടെന്‍റെ അംഗങ്ങളെല്ലാം പകുത്തെടുത്തു.
'മൂക്ക്' അമ്മയ്ക്ക്,
'കണ്ണ്‍'  അച്ഛന്,
'കീഴ്ത്താടി'യും, 'പാല്‍ച്ചുണ്ടും' അമ്മൂമ്മയ്ക്ക്.
പഴങ്കഥയിലെ യക്ഷിയെപ്പോലവര്‍
മുടിനാരും നഖങ്ങളും ബാക്കിവച്ചു.

ചോദ്യം-1
ഇതെല്ലാം ഇവരുടേതാണെങ്കില്
പിന്നെ എനിക്കെന്ത്? ‍
ഞാനെന്ത്?

നടുവില്‍ -
കൂട്ടുകാര്‍,
കാമുകി,
ഭാര്യ,
കുട്ടികള്‍.
സ്തുതിച്ചു പാടിയവര്‍, കൂടെ മദിച്ചവര്‍
ജയിച്ചുവായെന്നനുഗ്രഹിച്ചവര്‍.
പത്തുവയസ്സുള്ളവനും, പടുകിഴവനും
പട്ടടയൊരുക്കിയവര്‍.
പരസ്പരം വെന്നുചിരിച്ചവര്‍,
പരസ്പരം കൊന്നുരസിച്ചവര്‍.
മരിക്കുവോളം ജീവിച്ചിരുന്നവര്‍.

ചോദ്യം-2
ജയിച്ചവനും തോറ്റവനും മരിക്കുമെങ്കില്‍,
ജയപരാജയങ്ങളെന്തിന്?
അതിനു വേണ്ടിയുള്ള ജീവിതമെന്തിന്?
ഞാനെന്തിന്? നീയെന്തിന്?

ഒടുവില്‍,
പിതാവിന്‍റെ ജീനുകള്‍
പകര്‍ന്നു തന്ന
മാരകരോഗം.
മാതാവിന്‍റെ ജീനുകള്‍
പകര്‍ന്നു തന്ന
മാനസികരോഗം.

ചോദ്യം-3
എല്ലാം അവര്‍ തന്നതെങ്കില്‍,
പിന്നെ എന്‍റെതെന്ത്?
എനിക്കെന്ത്? ഞാനെന്ത്?

 

Friday, 12 April 2013

കവിത - ഞാനും, ലിലിത്തും, മീരയും പിന്നെ ദൈവവും


ഞാനും, ലിലിത്തും, മീരയും പിന്നെ ദൈവവും

                                                                                                           vijith vijayan
ആകാശം,
അതിനു കീഴെ മൂന്നു കഴുകുമരം.
നടുവില്‍ ഞാന്‍.
ഇടതും വലതും രണ്ടു പെണ്‍ശരീരങ്ങള്‍,
ലിലിത്തും മീരയും.

ചുറ്റും, ചിരിച്ചട്ടഹസിച്ചുടമയുടെ ഉത്തരവ-
നുസരിച്ചെന്നെയീ മലമുകളിലേക്കിഴയിച്ച്
കുറെ പച്ചിരുമ്പു കഷണങ്ങളില്‍ തറയിച്ചുയര്‍ത്തി       
നിറുത്തി കൈകൊട്ടുന്ന പാപികള്‍
പാപഫലമുണ്ടവളുടെ സന്തതികള്‍.

സര്‍വ്വവും പടച്ചുലകമാകെപ്പോറ്റി, പ്രിയപുത്രരെ
നിറവോളമൂട്ടിയുറക്കുവാന്‍ പാട്ടു മൂളുന്നവനെന്നോ
കൈവിട്ടകറ്റി നിറുത്തിയോരീയിരു ജന്മങ്ങളെ
കുറെ പച്ചിരുമ്പു കഷണങ്ങളില്‍ തറയിച്ചുയര്‍ത്തി       
നിറുത്തി കൈകൊട്ടുന്ന പാപികള്‍
പാപഫലമുണ്ടവളുടെ സന്തതികള്‍.

ഉച്ചവെയിലുച്ചിയില്‍ തിളപ്പിച്ചാവിയാക്കി, യവര്‍-
പറിച്ചെടുക്കുന്ന തുച്ഛമിടിപ്പുകള്‍.
മിച്ചമുള്ള ഉയിരതു വാര്‍ന്നു പോകാനവര്‍ തുരന്നിട്ട
പച്ചമാംസം, അതിന്‍ രസമുണ്ണും ഈച്ചജാലം.

പിതാവേ,
ഈ പാപങ്ങളെല്ലാം ഞാനേറ്റുടുക്കാം
ഭാവി സങ്കീര്‍ത്തനങ്ങളില്‍ കുടിയിരിക്കാം
ഇനിയുള്ള പാപങ്ങളും  ഞാനേറ്റുടുക്കാം
പാതിനഗ്നതയില് തൂങ്ങി നില്‍ക്കാം

എങ്കിലും ഒരു ചോദ്യം, ഒരേയൊരു ചോദ്യം
പിന്നെന്തിനിവരിരുവരുമീ കഴുകുകളില്‍?

ലിലിത്ത്,
ആദിനാരി,
ഒരുപാതിമണ്ണിലവനോടൊപ്പം പിറന്നവള്‍.
വിത്തും വിളവും തട്ടിപറിച്ചവനാഹരിച്ചപ്പോള്‍
ഇണചേരുവാനവനവള്‍ മേലുറഞ്ഞപ്പോള്‍
'പാതി ഭോജനം, ഉപരി ശയനം' എന്നു-
കയര്‍ത്തിറങ്ങിപ്പോയവള്‍.
പ്രതികാരം പ്രജ്ഞയിലുണര്‍ന്നപ്പോള്‍
ചെകുത്താന്‍റെ വെപ്പാട്ടിയായവള്‍.
ഒരു ദിനം നൂറെന്നയെണ്ണത്തിലവന്‍റെ
അധമസന്താനങ്ങളെ പെറ്റുകൂട്ടിയവള്‍.

"ഏകാന്തത,ഏകാന്തത" എന്നു കരഞ്ഞവന്‍റെ
വാരിയെല്ലൂരിപ്പണിതതിനും അവള്‍ രൂപം നല്‍കിയിട്ട്,
ദേവഖഡ്ഗം വീശി നീയരിഞ്ഞിട്ട ലിലിത്തിന്‍റെ
കോടിമക്കള്‍, ഒരമ്മയുടെ വാടിയ സ്വപ്‌നങ്ങള്‍.

മീര,
കേട്ടറിവു മാത്രമുള്ളവള്‍,
അറുപത്തിനാലിലും മിഴിവു നല്കി
മധു പൊത്തി ഉയിരേറ്റിയ കലാകാരി.
എന്നിട്ടും അവള്‍ക്കായി നീ മാറ്റിവച്ചത്
മരണയാമത്തിന്‍റെ കാത്തിരിപ്പില്‍
അളവില്ലാതെ പൊട്ടുന്ന രുധിരകോശങ്ങള്‍.
കരുണയൂറുന്ന ഹൃദയകുടുക്കയില്‍
നിന്‍ വികൃതിതുരന്നിട്ട വിശുദ്ധ ഓട്ടകള്‍.

കണ്ണെഴുതി, പൊന്നണിഞ്ഞൊരുങ്ങിയ മകളുടെ
മേല്‍ചുണ്ടിലൊരു മീശ വരഞ്ഞയച്ഛന്‍റെ
കള്ളച്ചിരി, ഒരു പെണ്ണിന്‍റെ വാടിയ സ്വപ്‌നങ്ങള്‍.

എല്ലാ പാപവും ഞാനേറ്റെടുത്തു.
എങ്കിലുമിവരിരുവരും ഇവിടെ വന്നു
എല്ലാ പാപവും ഞാനേറ്റെടുക്കാം
പിതാവേ,
അങ്ങയുടെ പാപവും ഞാനേറ്റെടുക്കാം.
 

Friday, 15 March 2013

കവിത - ജൈവം

                                             

                              ജൈവം

                                                                    by Vijith Vijayan       
          
   
പുലയപ്പെരുമ്പറ മുഴങ്ങുന്നു.
കാട്ടില്‍, ചിതലിന്‍ മേടകളുടയുന്നു.
മുരിക്കുകള്‍ പൂക്കുന്നോരാറ്റിന്‍ കര‍ -         
യിലവര് കുടില്‍ കെട്ടാനായ്ക്കുതിക്കുന്നു.
മുളന്തടിയെടുക്കാനാജ്ഞ നല്കി -
യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
പുറകിലൊരു പാട്ടുണരുന്നു.‍   
                               
                                             " മുളന്തടി,യിളന്തടി,യെടുത്തേടി
                                                തകിടധിമി.
                                                മുളന്തടി,യിളന്തടി,യെടുത്തേടി
                                                തകിടധിമി. "       
 
മൂപ്പെത്തി മുഴുത്ത കീഴറ്റം മൂപ്പന്‍ ചുമക്കും.
ഇളതായി തളിര്‍ത്ത മുകളറ്റം ചെക്കന്‍ ചുമക്കും.
മൂപ്പനും ചെക്കനും പിന്നൊന്നിച്ചു പാടും,    
                                              " മുളന്തടി,യിളന്തടി,യെടുത്തേടി
                                                 തകിടധിമി.
                                                 മുളന്തടി,യിളന്തടി,യെടുത്തേടി
                                                 തകിടധിമി. "                  
 
ചെക്കനെന്തോയിടത്തരം മുടന്ത്,
മൂപ്പനെന്തോയിടത്തരം കൂന്.
ചെക്കനെന്തോ ചെറിയ കുരുടന്‍,
മൂപ്പനെന്തോ ചെറിയ പൊട്ടന്‍.
ഇരുവരും തിരയുന്നതൊരുവളെ മാത്രം
അവളന്ന്യന്‍റെ കരത്തോടിഴയുന്നു.    
 
 
മൂപ്പന്‍ കിതയ്ക്കുന്നു, വഴിയില്‍ -
വാത്സല്യക്കൂരയിലൊതുങ്ങുന്നു
കുരലാറ്റി ദാഹം മരിക്കുവാന്‍
നല്ലോരിളനീര്‍ കുഞ്ഞിനെ മോന്തുന്നു.
ചെക്കന്‍ ചിണുങ്ങുന്നു, കിഴിയിലെ -
തങ്കക്കിനാക്കള്‍ കിലുക്കുന്നു,
യാനത്തിന്‍ പെരുമയറിയാതെ
പല്ലവം പൊട്ടിച്ചു രസിക്കുന്നു.
മുളംന്തടിയെടുക്കാനാജ്ഞ നല്കി -
യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
 
                                               " മുളന്തടി,യിളന്തടി,യെടുത്തേടി
                                                  തകിടധിമി.
                                                  മുളന്തടി,യിളന്തടി,യെടുത്തേടി
                                                  തകിടധിമി. "
 
ഭോജനം വേണമെന്നായപ്പോളിരുവരും
ഭാഷണശാലയിലമര്‍ന്നു,
ചെക്കന്റെ ചോരത്തിളപ്പില്‍, മൂപ്പന്‍ -
അനുഭവമണികള്‍ വീശിയിട്ടു.
ചൂടേറിപ്പോയെന്നു മൂപ്പന്‍
രുചിയില്ലാച്ചോറെന്നു ചെക്കന്‍,
ഇരുവരും ഭാഷണശാലയിലമര്‍ന്നു.
 
 
 പാതിയാനത്തിലവരൊരു മല താണ്ടി
 ചെക്കന്‍ ചൊടിച്ചു " മലകളിനിയെത്ര മൂപ്പാ? "
"ഏഴല്ല, യെഴുപതല്ല, ഞാനതിലുമേറെ കണ്ടതാ "
 പിന്നത്തെ പാതിയിലവരൊരു കടല്‍ താണ്ടി
 ചെക്കന്‍ ചുമച്ചു " കരയിനിയെവിടെ മൂപ്പാ? "
"നീ നീന്തെന്‍റെ പൊന്നേ, കര കണ്ടാലത്ര നന്ന്‍ ".
മൂപ്പനും ചെക്കനും പിന്നൊന്നിച്ചു പാടി,
 
                                                " മുളന്തടി,യിളന്തടി,യെടുത്തേടി
                                                   തകിടധിമി."
                                                " മുളന്തടി,യിളന്തടി,യെടുത്തേടി
                                                  തകിടധിമി."
 
അവളെങ്ങു പോയെന്നു മൂപ്പന്‍
അവളില്ലെങ്കിലെന്തെന്നു ചെക്കന്.‍
മൂപ്പന്‍ വിയര്‍ത്തു, പിന്നെ മണ്ണില്‍ ലയിച്ചു.
ചെക്കനും വിയര്‍ത്തു, പിന്നെ മൂപ്പനായി ഗമിച്ചു.
പുത്തനൊരു ചെക്കന്‍ കൂട്ടുചേര്‍ന്നു.
 
അവളെങ്ങു പോയെന്നു മൂപ്പന്‍
അവളാരു ചൊല്ലെന്നു ചെക്കന്‍
 
                                             'ഭാഗ്യ'മെന്നവളുടെ വിളിപ്പേര്
                                             'വിധി'യെന്നോ മറ്റോ ചെല്ലപ്പേര്
                                             'ഐശ്വര്യ'മെവിടെന്നു മാസ്റ്റര്‍ തിരയുമ്പോള്‍
                                              ഹാജര്‍ പറയാനാളില്ലാതെ -
                                              യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
 
മുരിക്കുകള്‍ പൂക്കുന്നോരാറ്റിന്‍ കര‍യില്‍
കുടിലൊന്നുപോലുമുയരുന്നില്ല
കാരണം.............?
 
 
 

Friday, 15 February 2013

കഥ -- ബ്ലാക്ക്‌മാന്‍

                                 

                                 ബ്ലാക്ക്മാന്

                                                                    by Vijith Vijayan

                                                  ഇതുവരെ  ഒരു കഥയിലും ഞാനൊരു മന :ശാസ്ത്രജ്ഞനായിരുന്നില്ല, ഒടുവില്‍ ഈ കഥയില്‍ അതു സംഭവിക്കുകയാണ്. ഞാന്‍ പ്രഗല്‍ഭനായ ഒരു  മന :ശാസ്ത്രജ്ഞന്‍, വലിയ മേശക്കു പിന്നില്‍ ഊശാന്‍ താടിയും  തടിച്ച കണ്ണടയുമായി കൈകെട്ടിയിരിക്കുന്നു (ഇതു രണ്ടുമില്ലാതെ നിങ്ങളെത്ര മന :ശാസ്ത്രജ്ഞരെ കണ്ടിട്ടുണ്ട്?). മുന്നില്‍ വിരിഞ്ഞ കണ്ണുകളുമായി അവന്‍ . മനോരോഗിയായ  ഒരാളെ പ്പറ്റി  അവനു  ചിലത് പറയാനുണ്ടത്രേ.

               " റെജിയെ  ഞാന്‍  ഇന്നോ  ഇന്നലെയോ പരിചയപ്പെട്ടതല്ല, വര്‍ഷങ്ങളായുള്ള ബന്ധമാണ്. ഡോക്ടര്‍ എങ്ങനെയെങ്കിലും സഹായിക്കണം ............"

                                            റെജി -- ആള്  ഉഗ്രനാണ്, അത്യുഗ്രനാണ് ,
അത്യുന്നതങ്ങളില്‍ ബീഡി പുകച്ചിരിക്കുന്ന  സര്‍വ്വ  ചരാചരങ്ങളുടെയും തന്തപ്പടിയായ വിത്തുകാളയുടെ നേരംപോക്കാണ്. നാട്ടില്‍ അവനൊരു സംസാര വിഷയമാണ്. പവര്‍കട്ട് സമയങ്ങളില്‍ -- കിണറ്റിന്‍കര, കുളിമുറി, അടുക്കളവരാന്ത എന്നിങ്ങനെ  മാനവസംസ്കൃതി  കുനിയുകയും നിവരുകയും ചെയ്യുന്നിടത്തെ  'സംസാര' ങ്ങള്‍ക്കും വിധവകള്‍ക്കും അവനൊരു പെരുത്ത വിഷയം തന്നെയാണ്. ആ പെണ്ണുങ്ങള്,‍ മതില്‍ മറവിലോ ചെടികൂട്ടത്തിനിടയിലോ പതുങ്ങി നില്ക്കുന്ന റെജിക്കു വേണ്ടി  അവരുടെ ഒരു കണ്ണു  മാറ്റിവയ്ക്കുകയും‌ മുലക്കണ്ണ്‍ പൂഴ്ത്തിവയ്ക്കുകയും ചെയ്തു. അവിടങ്ങളിലെ  ഭര്‍ത്താക്കന്‍മാര്‍, ആങ്ങളമാര്‍, ബാപ്പമാര്‍, ബാപ്പുജിമാര്‍, ജാരന്മാര്‍  തുടങ്ങിയ ആണ്‍വര്‍ഗങ്ങള്‍  റെജിയെ  ഓടിക്കുകയും മയക്കുവെടി വച്ചു പിടിച്ച് അടുത്ത  ജംഗ്ഷനില്‍ കൊണ്ടിറക്കി വിടുകയും ചെയ്തു പോന്നു. അങ്ങനെ റെജി നാട്ടില്‍ കസറുന്ന കാലഘട്ടത്തിലാണ്  ഈ  വിരിഞ്ഞ  കണ്ണുള്ളവന്‍ റെജിയുടെ കഥ  എന്നോടു പറയുന്നതും നിങ്ങളതു വായിക്കുകയും ചെയ്യുന്നത്.

          "പെണ്ണ് അവന്‍റെ ഒരു ദൌര്‍ബല്യമാ  സാറേ, അത് എന്നെ കണ്ടു തന്നെ പഠിക്കണം. ഒരു കാമുകി ഉണ്ടായിരുന്നു. അവളുടെ  കല്യാണം കഴിഞ്ഞു, സ്വന്തം അമ്മാവന്‍റെ   മകന്‍ പ്രിത്വിരാജുമായിട്ട് . എന്നിട്ടും ഞാന്‍  എത്ര കൂളായിട്ടാണ് നടക്കുന്നത്.  ഇന്നലേയും അവളെയോര്‍ത്ത്‌ സ്വപ്നത്തില്‍ സ്ഖലിച്ചു  അത്ര  തന്നെ ".

                               നിന്‍റെ ബീജങ്ങള്‍ക്ക് പറക്കാന്‍ കഴിവില്ലാത്തതിനാല്‍  ഉറപ്പായും അവള്‍ പ്രിത്വിരാജിന്‍റെ  സന്താനങ്ങളെതന്നെ  പെറ്റുപോറ്റട്ടെ.

         " അവളുടെ ആദ്യത്തെ  ആണ്കുഞ്ഞിനു  ഞാനൊരു പേരും നിര്‍ദ്ദേശിച്ചിട്ടുണ്ട്  'സുകുമാരന്‍'.......... പക്ഷേ, റെജിക്ക് ഇങ്ങനെയോള്ളതൊന്നും താങ്ങാനുള്ള  മനകരുത്തില്ല ".

                             പണ്ട് അമ്മാവന്‍റെ കടയില്‍  സഹായിയായി നിന്ന കാലത്ത് ഏതോ ഒരു  പെണ്ണ് റെജിയോട് പല  പല  പലവ്യഞ്ജനങ്ങള്‍ കടം ചോദിച്ച കൂട്ടത്തില്‍ അവന്‍റെ ഹൃദയവും ചോദിച്ചത്രേ.  അവനവള്‍ക്കെല്ലാം കൊടുത്തു, അമ്മാവനറിയാതെ. അങ്ങനെ ആ പ്രണയബന്ദികളുടെ മുന്നിലൂടെ കാലം ഓടിക്കൊണ്ടിരുന്നു, ഉസ്സൈന്‍ ബോള്‍ട്ടിനു പിന്നിലായി  ഫിനിഷ് ചെയ്യുകയും  ചെയ്തു.   വിക്ടറി   സ്റ്റാന്‍ഡിന്‍റെ  അരുകില്‍  റെജിയെ                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              
വിളിച്ചു  മാറ്റി നിറുത്തി അവള്‍ പറഞ്ഞു
       
                               " നമുക്ക് പിരിയാം.........നല്ല സുഹൃത്തുക്കളായി ".

                               " മനസ്സിലായില്ല ".

                               " എന്നെ ഒരു സഹോദരിയെപ്പോലെ കാണണം " .

                               " മനസ്സിലായി ".

റെജി  പറഞ്ഞു ,  " നീ  പലപ്പോഴായി കടം കൊണ്ട പല വ്യഞ്ജനത്തിന്‍റെ കാശെങ്കിലും തിരികെ തരണം........... എന്‍റെ ഹൃദയം അവിടിരുന്നു കൊള്ളട്ടെ , ഞാന്‍ കുറച്ചെണ്ണം സ്പെയര്‍ കരുതിയിട്ടുണ്ട്......".

                    ആ  പൊട്ടി  കരഞ്ഞു.
                    അവനും  പൊട്ടിക്കരഞ്ഞു.

                                              
                   അങ്ങനത്തെ  അസഖ്യം പെണ്  സംഭവങ്ങള്‍ക്കു ശേഷം റെജി സ്ത്രീപീഡനത്തിനു ക്വാളിഫൈ ചെയ്തു. സന്ധ്യാസമയം തൂങ്ങിമരിക്കുന്ന  വഴിമരങ്ങളുടെ മറവിലൊളിച്ചിരുന്ന്‍ അവന്‍  പേറ്റു നോവുള്ളവരെ പേടിപ്പിക്കുകയും, നൊന്തു പെറ്റവളെ കരയിപ്പിക്കുകയും ചെയ്തു. സ്കൂള്‍ വിട്ടു വരുന്ന  പെണ്‍കുട്ടികളെ പേടിപ്പിക്കുന്നത് അവനൊരു ഹരമായിരുന്നു. എങ്കിലും  'സ ' മറിഞ്ഞു കിടക്കുന്ന  'ഡ ' യുള്ള പ്രവര്‍ത്തി ചെയ്യാന്‍  പിന്നേയും സമയമെടുത്തു. അതിലൊരെണ്ണം പാമ്പുകടിച്ചു മരിച്ച രതിചേച്ചി  പറഞ്ഞ് എനിക്കറിയാം. ഇപ്പോള്‍ നിങ്ങള്‍ക്കും .

                  വിരിഞ്ഞ കണ്ണുള്ളവന്‍റെ വായയും അങ്ങനെ തന്നെയിരുന്നു.
  
                                    " റെജിയുടെ ശല്യം നാട്ടുകാര്‍ക്ക് സഹിക്കാന്‍ വയ്യ സാറേ. ഇങ്ങനെ പോയാല് എല്ലാരും കൂടി  അവനെ തല്ലികൊല്ലും... എന്തെങ്കിലും  മരുന്നു കൊടുത്താല്‍ മാറുന്ന അസുഖമാണോ സാറേ ഇത് ?".
  
                എല്ലാ അസുഖങ്ങളും മാറ്റുന്ന മരുന്ന്‍. അങ്ങനെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്, കുറഞ്ഞപക്ഷം കുഴിനഖം മാറ്റുന്ന മരുന്നെങ്കിലും കുത്തകഗുളികന്മാര്  മാര്‍ക്കറ്റിലിറക്കണം. ഇന്നലേയും അവളെന്‍റെ കാല്‍പെരുവിരലില്‍  ആഞ്ഞു ചവിട്ടി ചോദിച്ചു

                              " ഞാനോ നിങ്ങടെ ഭാര്യയോ , മിടുക്കി ?".
     
                  റെജിയുടെ  അസുഖത്തിനു മരുന്നുണ്ടോ എന്ന്‍ എനിക്കറിയില്ല , പക്ഷേ ഒരു പേരെങ്കിലും ഉണ്ട് ' ബ്ലാക്ക്മാനിസം ' .‍ കുഴിനഖത്തിനോ, മരുന്നുമില്ല കേള്‍ക്കാന്‍ സുഖമുള്ള പേരുമില്ല . ' കുഴിനഖം'........... ഫൂ........


                           " ഇതൊന്നുമല്ല സാറേ  ആര്‍ക്കും അറിയാത്ത വേറെ ചിലത് കൂടി എനിക്കറിയാം........ കഴിഞ്ഞ ദിവസം സ്കൂള് വരാന്തയില്‍ വിസര്‍ജ്ജിച്ച് വച്ചതാരാ.......... സുധാകരന്‍ മാഷിന്‍റെ മതിലില്‍ നിറയെ അസഭ്യം എഴുതി വച്ചതാരാ............. റെജിയുടെ പേരു പറയാന്‍  പറ്റ്വോ............. അവനെ എല്ലാരും കൂടി തല്ലികൊല്ലും ഒറപ്പാ............. മരുന്നെന്തെങ്കിലും........??‍ " .

                  ഓഹോ, അതുശരി  അപ്പോള്‍   ' വിസര്‍ജ്ജനം ' , ' എഴുത്ത് ' തുടങ്ങിയ  രാജ്യവിരുദ്ധ പ്രവര്‍ത്തികളും റെജി ചെയ്യുന്നുണ്ട്. അനുവദിച്ചുകൂടാ. പക്ഷേ  ആര്‍ക്കും ധൈര്യം പോരാ. രാത്രികാലങ്ങളില്‍ ഇരുള്‍ ഗര്‍ത്തങ്ങളില്‍ നിന്ന് പൊന്തി വരുന്ന കരിങ്കല്‍ കഷണങ്ങളോ , കമ്പിപ്പാരയോ തങ്ങളുടെ മസ്തകത്തിലെ ചോര മുത്തികുടിക്കുമെന്ന്‍ ആ നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം.
അതു കൊണ്ടാവാം അവരാരോടും പരാതിപ്പെട്ടില്ല . ആകെ  എന്തെങ്കിലും ചെയ്തത് ധൈര്യശാലികളായ ചില ന്യൂ ജനറേഷന്‍
യുവാക്കളാണ്. ' F ' വാക്കുകള്‍ നിറച്ച് എഴുതിയ പോസ്റ്ററുകള്‍ പൗരസമിതിയുടെ പേരില്‍ അവര്‍ നാട്ടിലാകമാനം ഒട്ടിച്ചു. അതിനവര്‍ക്ക് കണക്കിന് കിട്ടുകയും ചെയ്തു. ഈ  പോസ്റ്ററുകളില്‍ ഭൂരിഭാഗവും കൊറിയ, ഇറാന്‍, സ്പെയിന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ചീന്തിക്കൊണ്ടു വന്നതാണെന്നതാണ് ഇപ്പോള്‍ കുളിക്കടവുകളില്‍ വിസ്താരം കേള്‍ക്കുന്ന പ്രമാദമായ കേസ്. ഇതിന്‍റെ പിറകിലും റെജിയുടെ കരങ്ങളാണെന്ന്‍ ആര്‍ക്കാണ് അറിയാത്തത്.

                    റെജിയോട് കളിയ്ക്കാന്‍ എനിക്ക് പേടിയാണ്. ഭാര്യയും, മകളും, കാമുകിയും ഉള്ള എനിക്ക് റെജിയെപ്പറ്റി ഓര്‍മിക്കാനേ പേടിയാണ്. അതുകൊണ്ടാണല്ലോ ഈ  പെണ്ണുങ്ങളുടെയെല്ലാം സുരക്ഷാ ചുമതല അവിടുത്തെ സദാചാരകമ്മിറ്റിക്കാരെ ഏല്പിച്ചത്. മാസം 3500 രൂപായും രണ്ടു മുഴുത്ത പൂവന്‍കോഴികളുമാണ് ഫീസ്‌.

                  വിരിഞ്ഞ കണ്ണുള്ളവന്‍റെ വായ ഞാന്‍ പൊത്തി. റെജിപുരാണം , ട്രാക്കുള  കഥയോളം ഭീതിജനകവും രതിജനകവുമാണ്. 

                    മുന്നിലിരുന്ന മരുന്നുവിവരപട്ടിക മറിച്ചുനോക്കി ഞാന്‍ തിരിച്ചറിഞ്ഞു, റെജിയുടെ ഈ അസുഖത്തിനു മരുന്നില്ല, മന്ത്രവുമില്ല . ഒടുവില് ഈ   കഥയില്‍ ഞാന്‍ പത്തുവര്‍ഷം പുറകിലോട്ടു പോവുകയും മസ്സാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ലാബില്‍ വച്ച് ചക്കക്കുരുവില്‍ നിന്ന് റെജിക്ക് വേണ്ട മരുന്ന് വേര്‍തിരിച്ചെടുക്കുകയും , തിരികെ  പോരുകയും ചെയ്തു.

                 വിരിഞ്ഞ കണ്ണുള്ളവനോട്‌ ഞാന്‍ പറഞ്ഞു , " മരുന്ന്‍ തരാം ,ഒരേ ഒരു വ്യവസ്ഥയില്‍. റെജിയോട് പറയരുത്  ഞാനാണ് തന്നതെന്ന് ".

                  ഇല്ലാഭാവത്തിലും  ഇല്ലേയില്ലാഭാവത്തിലും അവന്‍ തലയാട്ടി . യാത്ര  പറഞ്ഞ് കസേരയില്‍ നിന്നെണീറ്റപ്പോള്‍ കീശയിലെന്തോ കിലുങ്ങുന്നു. എന്റെ ജിജ്ഞാസ കണ്ടിട്ടാവണം അവന്‍ പറഞ്ഞു

                                 " കുറച്ചു കരിങ്കല്ലുകളാണ് സാറേ , റെജി ഇന്ന് രാത്രി ഈ ആശുപത്രി ആക്രമിച്ചേക്കും ".
    
                     അവന്‍ തിരിഞ്ഞ് നടന്നു.     

                       അവനിട്ടിരുന്ന വെളുത്ത ട്ടീ - ഷര്‍ട്ടിന്‍റെ പുറകില്‍ ഒരു കറുത്ത ഗുസ്തിക്കാരന്‍ മസിലും പെരുപ്പിച്ച് നിന്നു.
      
                       'ബ്ലാക്ക്മാന്‍'.
 
                         നാളെ ഇവിടെ പരക്കാനുള്ള വിസര്‍ജ്യഗന്ധം ആ നിമിഷം‍ മുതല്‍ അവിടെ പരന്നു തുടങ്ങി.

        ************************************************   
Friday, 1 February 2013

തണല്‍ - കവിത

                        

                                    തണല്  by vijith vijayan

                                                                       
വെട്ടിപ്പഴുക്കുന്ന നട്ടുച്ച നേരത്ത് , ചിലര്‍
ചട്ടിയില്‍ കൂട്ടെടുത്തേറ്റിവച്ചു.
കട്ടിളപ്പടികളുയര്‍ത്തി നിറുത്തി, ചുടു-
കട്ടകള് ‍കൊണ്ടവരിടയടച്ചു.
പുത്തെന്‍പുരയൊന്നുയരുന്നതും  നോക്കി
സംശയത്തോടവന് പതുങ്ങി നിന്നു.
പുസ്തകസഞ്ചി പുറകിലും, പുതു-
കുപ്പായ കീശയില്‍ മധുരവും.
പച്ചിലപ്പുഴുവിന്റെ പള്ളയില്‍ കോര്‍‍ത്ത
പ്ലാസ്റ്റിക്‌ ചരടിന്നോരറ്റം കൈയ്യിലും

വൃത്തം വരഞ്ഞ പോലൊരു വദനമതില്, ചെറു
സൂത്രം മറയ്ക്കുവാന്‍ കൂമ്പിയ കണ്കള്‍
മുത്തം കൊതിക്കുന്ന കവിളെന്നു തോന്നുമാറതില്‍
രക്തവര്ണമായം‍, കരിയെപ്പോല്‍ കര്‍ണജാലം.
പത്തൊക്കും പ്രായം ചെറു പത്തായത്തോടോക്കും രൂപം
പുത്തെന്‍പുരയൊന്നുയരുന്നതും നോക്കി, ഏറും
സംശയത്തോടവന് നടന്നകന്നു.

* * * * * * * * * * * * * * * * * * ** * * * * * * * * * * * * * * *

പള്ളിമുറ്റങ്ങള്‍ - ഉള്ളിലാളിച്ച ദീപങ്ങള്‍
ദണ്ണവിചാരങ്ങള്‍ കപ്പിവലിച്ചാട്ടിയ മുഴക്കങ്ങള്‍
എണ്ണിക്കളിച്ചു , ഇനിയില്ലെന്നു ഗണിച്ചും --
കൊണ്ടാവഴിയും ഉള്ളം കാലാലളന്നു.

പള്ളിക്കൂടശബ്ദങ്ങള്‍ -ഉള്ളിലാളിച്ച ദീപങ്ങള്‍
നെല്ലും പതിരും പിരിയുന്ന കാലങ്ങള്‍,
മുള്ളുവേലിപിന്നിലൊളിച്ചു, ഇന്നങ്ങിനിയില്ലെന്നുറച്ചും
കൊണ്ടവിടെപ്പതുങ്ങി നിന്നു , പയ്യെ പിന്തിരിഞ്ഞു.


* * * * * * * * * * * * * * * * * * * * * * *  * * * * * * * * * * * *

കള്ളും കഷായവും കലരുന്ന തെരുവുകള്‍
ചെള്ളും പഴുതാരയുംതുള്ളുന്ന വീഥികള്‍
കല്ലാളുകള്‍ കാവലാളുന്ന കവലകള്‍
എല്ലാം കടന്നിങ്ങെത്തിയപ്പോഴെന്തോ
കണ്ടവനറച്ചു നിന്നു.........................
മുന്നിലാരോ തള്ളി കളഞ്ഞോരു തകരകുപ്പി.
ഉള്ളം കാലു കൊണ്ടതിനെയാഞ്ഞു തട്ടി...................

പെട്ടിക്കടയുടെ പലകകള്‍ പാതി പൊട്ടി-
പ്പൊളിഞ്ഞു മറിഞ്ഞു നില്‍ക്കും വിടവില്‍
'പട്ടിണി പട്ടിണി ഇരു കണ്‍കള്‍ കൊണ്ടിത്തിരി-
വറ്റു താ' യെന്നു കേഴുന്നൊരു നായ്കുട്ടി
അവന്‍ തട്ടിത്തെറുപ്പിച്ച തകരകുപ്പിയുടെ
അറ്റം പിടിച്ചങ്ങിറങ്ങിവന്നു.....................
കയ്യെടുത്താട്ടി, കാലെടുത്താട്ടി
കരിങ്കല്ലിന്റെ കഷണമെടുത്താട്ടി -- നിഷ്ഫലം
വട്ടം പിടിച്ചതു പുറകേ ചെന്നു

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വെട്ടം കെടുത്തിയന്നത്തെയാട്ടം നിറുത്തി-
പട്ടു വര്‍ണങ്ങളെല്ലാമഴിച്ചിട്ട്
പടിഞ്ഞാറുമലകളില്‍ ചെടിപടര്‍ന്ന
അട്ടി മെത്തയിലാരോ പടുമറിഞ്ഞുറങ്ങിയപ്പോള്‍
അവന്‍ കണ്ട കാഴ്ചകള്‍ മങ്ങിത്തുടങ്ങി,
അതുവരെപ്പോകാത്ത വഴിയേ മണ്ടിത്തുടങ്ങി,
പുറകിലാ നായ്കുട്ടി മാത്രമായ് ചുരുങ്ങി.............................

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രണ്ടു പുള്ളിപുലിത്തലകളലറുന്ന മതിലുള്ള
കുറെ കള്ളിമുള്‍ച്ചെടികള്‍ തൂങ്ങിയ ചുവരുള്ള
'കല്ലു'മുറിച്ചു കുമിച്ചു വയ്ച്ചാലുണ്ടാകുമൊരു  മാളിക
മുന്നിലലസനായവനല്പനേരം നിന്നു
പയ്യെ, ഇല്ലാമനസ്സോടുള്ളില്‍ കടന്നു
"ഇതെന്റെ  നശിച്ച  വീടെ" ന്നകമേ പറഞ്ഞു.

എന്നുമെന്നപോലിന്നുമവരിരുവരും അവനെ കണ്ടു
പിന്നെ കണ്‍ പൂട്ടി കാണാതിരുന്നു
 'അച്ഛനും അമ്മയും'

പോരുകാഴ്ച്ചയിലെ ചേകവനും ആര്‍ച്ചയും
വീഴ്ച്ചയെല്ലാമപരന്റേതെന്നൊച്ചയിട്ടും-- തമ്മില്‍
പുച്ഛഭാവത്തില്‍ കലഹിച്ചും ,
നേര്ച്ച പോലൊന്നിച്ചുറങ്ങുന്ന കിടപ്പറയില്‍
കലഹവേഴ്ചയില്‍ രതിമൂര്‍ച്ഛ തേടും
അച്ഛനും അമ്മയും

'ഇമ്മട്ടിലിനിയിവിടെ ചമ്മട്ടിയേല്ക്കാനില്ലെ'
ന്നോര്‍മപ്പെടുത്തലുകള്‍-- അമ്മ
കേമത്തം വിളമ്പി 'ത്താമസം എന്റെ കൂരക്കകത്തെ'
ന്നോര്‍മപ്പെടുത്തലുകള്‍-- അച്ഛന്‍

തമ്മിലാടിത്തളരുന്ന വികൃത കുമ്മാട്ടികോമരങ്ങള്‍
അമ്മയും അച്ഛനും...................


അവന്‍ കരഞ്ഞു.............................
കണ്‍മുനമ്പില്‍ കണ്ട നീരുറവ , നോമ്പര സ്പന്ദനം
മന്ത്രങ്ങാളാക്കുന്ന ഹൃദയ ഭഗീരഥനെത്തേടി
യവന്‍ നെഞ്ചിലേക്കൊഴുകിയുണങ്ങി.
അവന്‍ കരഞ്ഞു........
നെഞ്ചു നനഞ്ഞു കരഞ്ഞു..............

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

പുറംവാതിലിന്‍ പുറത്തൊരു ലോകമുണ്ട്,
നിറം കുറഞ്ഞൊരു ലോകമിങ്ങകത്തുമുണ്ട്
'മറയത്തെങ്ങാനും പോ' യെന്നവര്‍ പറഞ്ഞ വാക്കുകള്‍
അറം പറ്റിപ്പോകുമെന്നറിയാമെന്നാകിലും
വറചട്ടിയില്‍ കിടന്നു വെന്തു നൊന്ത
ചെറു കാലടികളിറങ്ങിയോടി, സ്നേഹ നുറുങ്ങു തേടി.
മതില്‍ മറവില്‍ കാത്തിരുന്ന തെരുവുനായ്കുട്ടി
മുറിവാലുമാട്ടിയവനോടൊട്ടിയോടി...........


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

പെട്ടിക്കടയുടെ പലകകള് ‍പാതി പൊട്ടി-
പ്പൊളിഞ്ഞുമറിഞ്ഞു നില്‍ക്കും  തണലില്‍
രണ്ടു കുട്ടിച്ചിരികളൊളിച്ചിരുന്നു......
ചന്ദ്രവട്ടം തലമേലുയര്‍ന്നു............
പട്ടണരാവുറങ്ങാതിരുന്നു.....................

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

 

Friday, 11 January 2013

ഭിക്ഷ- കവിത

ഭിക്ഷ


നമ്മുടെ വിശന്ന നഗരത്തിന്റെ ഫുട്പാത്തിലൂടെ 
തടിയന്‍ ഹാരി നടന്നുപോകുമ്പോള്‍ 
കുഞ്ഞുണ്ണിക്ക് ശ്വാസം മുട്ടുന്നു..
ചില്ലറ വല്ലതും ഉണ്ടെങ്കില്‍ 
ഈ ഭിക്ഷാപാത്രത്തില്‍ ചൊരിയുക...