Followers

Friday 12 April 2013

കവിത - ഞാനും, ലിലിത്തും, മീരയും പിന്നെ ദൈവവും


ഞാനും, ലിലിത്തും, മീരയും പിന്നെ ദൈവവും

                                                                                                           vijith vijayan
ആകാശം,
അതിനു കീഴെ മൂന്നു കഴുകുമരം.
നടുവില്‍ ഞാന്‍.
ഇടതും വലതും രണ്ടു പെണ്‍ശരീരങ്ങള്‍,
ലിലിത്തും മീരയും.

ചുറ്റും, ചിരിച്ചട്ടഹസിച്ചുടമയുടെ ഉത്തരവ-
നുസരിച്ചെന്നെയീ മലമുകളിലേക്കിഴയിച്ച്
കുറെ പച്ചിരുമ്പു കഷണങ്ങളില്‍ തറയിച്ചുയര്‍ത്തി       
നിറുത്തി കൈകൊട്ടുന്ന പാപികള്‍
പാപഫലമുണ്ടവളുടെ സന്തതികള്‍.

സര്‍വ്വവും പടച്ചുലകമാകെപ്പോറ്റി, പ്രിയപുത്രരെ
നിറവോളമൂട്ടിയുറക്കുവാന്‍ പാട്ടു മൂളുന്നവനെന്നോ
കൈവിട്ടകറ്റി നിറുത്തിയോരീയിരു ജന്മങ്ങളെ
കുറെ പച്ചിരുമ്പു കഷണങ്ങളില്‍ തറയിച്ചുയര്‍ത്തി       
നിറുത്തി കൈകൊട്ടുന്ന പാപികള്‍
പാപഫലമുണ്ടവളുടെ സന്തതികള്‍.

ഉച്ചവെയിലുച്ചിയില്‍ തിളപ്പിച്ചാവിയാക്കി, യവര്‍-
പറിച്ചെടുക്കുന്ന തുച്ഛമിടിപ്പുകള്‍.
മിച്ചമുള്ള ഉയിരതു വാര്‍ന്നു പോകാനവര്‍ തുരന്നിട്ട
പച്ചമാംസം, അതിന്‍ രസമുണ്ണും ഈച്ചജാലം.

പിതാവേ,
ഈ പാപങ്ങളെല്ലാം ഞാനേറ്റുടുക്കാം
ഭാവി സങ്കീര്‍ത്തനങ്ങളില്‍ കുടിയിരിക്കാം
ഇനിയുള്ള പാപങ്ങളും  ഞാനേറ്റുടുക്കാം
പാതിനഗ്നതയില് തൂങ്ങി നില്‍ക്കാം

എങ്കിലും ഒരു ചോദ്യം, ഒരേയൊരു ചോദ്യം
പിന്നെന്തിനിവരിരുവരുമീ കഴുകുകളില്‍?

ലിലിത്ത്,
ആദിനാരി,
ഒരുപാതിമണ്ണിലവനോടൊപ്പം പിറന്നവള്‍.
വിത്തും വിളവും തട്ടിപറിച്ചവനാഹരിച്ചപ്പോള്‍
ഇണചേരുവാനവനവള്‍ മേലുറഞ്ഞപ്പോള്‍
'പാതി ഭോജനം, ഉപരി ശയനം' എന്നു-
കയര്‍ത്തിറങ്ങിപ്പോയവള്‍.
പ്രതികാരം പ്രജ്ഞയിലുണര്‍ന്നപ്പോള്‍
ചെകുത്താന്‍റെ വെപ്പാട്ടിയായവള്‍.
ഒരു ദിനം നൂറെന്നയെണ്ണത്തിലവന്‍റെ
അധമസന്താനങ്ങളെ പെറ്റുകൂട്ടിയവള്‍.

"ഏകാന്തത,ഏകാന്തത" എന്നു കരഞ്ഞവന്‍റെ
വാരിയെല്ലൂരിപ്പണിതതിനും അവള്‍ രൂപം നല്‍കിയിട്ട്,
ദേവഖഡ്ഗം വീശി നീയരിഞ്ഞിട്ട ലിലിത്തിന്‍റെ
കോടിമക്കള്‍, ഒരമ്മയുടെ വാടിയ സ്വപ്‌നങ്ങള്‍.

മീര,
കേട്ടറിവു മാത്രമുള്ളവള്‍,
അറുപത്തിനാലിലും മിഴിവു നല്കി
മധു പൊത്തി ഉയിരേറ്റിയ കലാകാരി.
എന്നിട്ടും അവള്‍ക്കായി നീ മാറ്റിവച്ചത്
മരണയാമത്തിന്‍റെ കാത്തിരിപ്പില്‍
അളവില്ലാതെ പൊട്ടുന്ന രുധിരകോശങ്ങള്‍.
കരുണയൂറുന്ന ഹൃദയകുടുക്കയില്‍
നിന്‍ വികൃതിതുരന്നിട്ട വിശുദ്ധ ഓട്ടകള്‍.

കണ്ണെഴുതി, പൊന്നണിഞ്ഞൊരുങ്ങിയ മകളുടെ
മേല്‍ചുണ്ടിലൊരു മീശ വരഞ്ഞയച്ഛന്‍റെ
കള്ളച്ചിരി, ഒരു പെണ്ണിന്‍റെ വാടിയ സ്വപ്‌നങ്ങള്‍.

എല്ലാ പാപവും ഞാനേറ്റെടുത്തു.
എങ്കിലുമിവരിരുവരും ഇവിടെ വന്നു
എല്ലാ പാപവും ഞാനേറ്റെടുക്കാം
പിതാവേ,
അങ്ങയുടെ പാപവും ഞാനേറ്റെടുക്കാം.