ജൈവം
by Vijith Vijayan
പുലയപ്പെരുമ്പറ മുഴങ്ങുന്നു.
കാട്ടില്‍, ചിതലിന്‍ മേടകളുടയുന്നു.
മുരിക്കുകള്‍ പൂക്കുന്നോരാറ്റിന്‍ കര -
യിലവര് കുടില്‍ കെട്ടാനായ്ക്കുതിക്കുന്നു.
മുളന്തടിയെടുക്കാനാജ്ഞ നല്കി -
യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
പുറകിലൊരു പാട്ടുണരുന്നു.
" മുളന്തടി,യിളന്തടി,യെടുത്തേടി
തകിടധിമി.
മുളന്തടി,യിളന്തടി,യെടുത്തേടി
തകിടധിമി. "
മൂപ്പെത്തി മുഴുത്ത കീഴറ്റം മൂപ്പന്‍ ചുമക്കും.
ഇളതായി തളിര്‍ത്ത മുകളറ്റം ചെക്കന്‍ ചുമക്കും.
മൂപ്പനും ചെക്കനും പിന്നൊന്നിച്ചു പാടും,
" മുളന്തടി,യിളന്തടി,യെടുത്തേടി
തകിടധിമി.
മുളന്തടി,യിളന്തടി,യെടുത്തേടി
തകിടധിമി. "
ചെക്കനെന്തോയിടത്തരം മുടന്ത്,
മൂപ്പനെന്തോയിടത്തരം കൂന്.
ചെക്കനെന്തോ ചെറിയ കുരുടന്‍,
മൂപ്പനെന്തോ ചെറിയ പൊട്ടന്‍.
ഇരുവരും തിരയുന്നതൊരുവളെ മാത്രം
അവളന്ന്യന്‍റെ കരത്തോടിഴയുന്നു.
മൂപ്പന്‍ കിതയ്ക്കുന്നു, വഴിയില്‍ -
വാത്സല്യക്കൂരയിലൊതുങ്ങുന്നു
കുരലാറ്റി ദാഹം മരിക്കുവാന്‍
നല്ലോരിളനീര്‍ കുഞ്ഞിനെ മോന്തുന്നു.
ചെക്കന്‍ ചിണുങ്ങുന്നു, കിഴിയിലെ -
തങ്കക്കിനാക്കള്‍ കിലുക്കുന്നു,
യാനത്തിന്‍ പെരുമയറിയാതെ
പല്ലവം പൊട്ടിച്ചു രസിക്കുന്നു.
മുളംന്തടിയെടുക്കാനാജ്ഞ നല്കി -
യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
" മുളന്തടി,യിളന്തടി,യെടുത്തേടി
തകിടധിമി.
മുളന്തടി,യിളന്തടി,യെടുത്തേടി
തകിടധിമി. "
ഭോജനം വേണമെന്നായപ്പോളിരുവരും
ഭാഷണശാലയിലമര്‍ന്നു,
ചെക്കന്റെ ചോരത്തിളപ്പില്‍, മൂപ്പന്‍ -
അനുഭവമണികള്‍ വീശിയിട്ടു.
ചൂടേറിപ്പോയെന്നു മൂപ്പന്‍
രുചിയില്ലാച്ചോറെന്നു ചെക്കന്‍,
ഇരുവരും ഭാഷണശാലയിലമര്‍ന്നു.
പാതിയാനത്തിലവരൊരു മല താണ്ടി
ചെക്കന്‍ ചൊടിച്ചു " മലകളിനിയെത്ര മൂപ്പാ? "
"ഏഴല്ല, യെഴുപതല്ല, ഞാനതിലുമേറെ കണ്ടതാ "
പിന്നത്തെ പാതിയിലവരൊരു കടല്‍ താണ്ടി
ചെക്കന്‍ ചുമച്ചു " കരയിനിയെവിടെ മൂപ്പാ? "
"നീ നീന്തെന്‍റെ പൊന്നേ, കര കണ്ടാലത്ര നന്ന്‍ ".
മൂപ്പനും ചെക്കനും പിന്നൊന്നിച്ചു പാടി,
" മുളന്തടി,യിളന്തടി,യെടുത്തേടി
തകിടധിമി."
" മുളന്തടി,യിളന്തടി,യെടുത്തേടി
തകിടധിമി."
അവളെങ്ങു പോയെന്നു മൂപ്പന്‍
അവളില്ലെങ്കിലെന്തെന്നു ചെക്കന്.
മൂപ്പന്‍ വിയര്‍ത്തു, പിന്നെ മണ്ണില്‍ ലയിച്ചു.
ചെക്കനും വിയര്‍ത്തു, പിന്നെ മൂപ്പനായി ഗമിച്ചു.
പുത്തനൊരു ചെക്കന്‍ കൂട്ടുചേര്‍ന്നു.
അവളെങ്ങു പോയെന്നു മൂപ്പന്‍
അവളാരു ചൊല്ലെന്നു ചെക്കന്‍
'ഭാഗ്യ'മെന്നവളുടെ വിളിപ്പേര്
'വിധി'യെന്നോ മറ്റോ ചെല്ലപ്പേര്
'ഐശ്വര്യ'മെവിടെന്നു മാസ്റ്റര്‍ തിരയുമ്പോള്‍
ഹാജര്‍ പറയാനാളില്ലാതെ -
യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
മുരിക്കുകള്‍ പൂക്കുന്നോരാറ്റിന്‍ കരയില്‍
കുടിലൊന്നുപോലുമുയരുന്നില്ല
കാരണം.............?