Followers

Friday, 1 February 2013

തണല്‍ - കവിത

                        

                                    തണല്  by vijith vijayan

                                                                       
വെട്ടിപ്പഴുക്കുന്ന നട്ടുച്ച നേരത്ത് , ചിലര്‍
ചട്ടിയില്‍ കൂട്ടെടുത്തേറ്റിവച്ചു.
കട്ടിളപ്പടികളുയര്‍ത്തി നിറുത്തി, ചുടു-
കട്ടകള് ‍കൊണ്ടവരിടയടച്ചു.
പുത്തെന്‍പുരയൊന്നുയരുന്നതും  നോക്കി
സംശയത്തോടവന് പതുങ്ങി നിന്നു.
പുസ്തകസഞ്ചി പുറകിലും, പുതു-
കുപ്പായ കീശയില്‍ മധുരവും.
പച്ചിലപ്പുഴുവിന്റെ പള്ളയില്‍ കോര്‍‍ത്ത
പ്ലാസ്റ്റിക്‌ ചരടിന്നോരറ്റം കൈയ്യിലും

വൃത്തം വരഞ്ഞ പോലൊരു വദനമതില്, ചെറു
സൂത്രം മറയ്ക്കുവാന്‍ കൂമ്പിയ കണ്കള്‍
മുത്തം കൊതിക്കുന്ന കവിളെന്നു തോന്നുമാറതില്‍
രക്തവര്ണമായം‍, കരിയെപ്പോല്‍ കര്‍ണജാലം.
പത്തൊക്കും പ്രായം ചെറു പത്തായത്തോടോക്കും രൂപം
പുത്തെന്‍പുരയൊന്നുയരുന്നതും നോക്കി, ഏറും
സംശയത്തോടവന് നടന്നകന്നു.

* * * * * * * * * * * * * * * * * * ** * * * * * * * * * * * * * * *

പള്ളിമുറ്റങ്ങള്‍ - ഉള്ളിലാളിച്ച ദീപങ്ങള്‍
ദണ്ണവിചാരങ്ങള്‍ കപ്പിവലിച്ചാട്ടിയ മുഴക്കങ്ങള്‍
എണ്ണിക്കളിച്ചു , ഇനിയില്ലെന്നു ഗണിച്ചും --
കൊണ്ടാവഴിയും ഉള്ളം കാലാലളന്നു.

പള്ളിക്കൂടശബ്ദങ്ങള്‍ -ഉള്ളിലാളിച്ച ദീപങ്ങള്‍
നെല്ലും പതിരും പിരിയുന്ന കാലങ്ങള്‍,
മുള്ളുവേലിപിന്നിലൊളിച്ചു, ഇന്നങ്ങിനിയില്ലെന്നുറച്ചും
കൊണ്ടവിടെപ്പതുങ്ങി നിന്നു , പയ്യെ പിന്തിരിഞ്ഞു.


* * * * * * * * * * * * * * * * * * * * * * *  * * * * * * * * * * * *

കള്ളും കഷായവും കലരുന്ന തെരുവുകള്‍
ചെള്ളും പഴുതാരയുംതുള്ളുന്ന വീഥികള്‍
കല്ലാളുകള്‍ കാവലാളുന്ന കവലകള്‍
എല്ലാം കടന്നിങ്ങെത്തിയപ്പോഴെന്തോ
കണ്ടവനറച്ചു നിന്നു.........................
മുന്നിലാരോ തള്ളി കളഞ്ഞോരു തകരകുപ്പി.
ഉള്ളം കാലു കൊണ്ടതിനെയാഞ്ഞു തട്ടി...................

പെട്ടിക്കടയുടെ പലകകള്‍ പാതി പൊട്ടി-
പ്പൊളിഞ്ഞു മറിഞ്ഞു നില്‍ക്കും വിടവില്‍
'പട്ടിണി പട്ടിണി ഇരു കണ്‍കള്‍ കൊണ്ടിത്തിരി-
വറ്റു താ' യെന്നു കേഴുന്നൊരു നായ്കുട്ടി
അവന്‍ തട്ടിത്തെറുപ്പിച്ച തകരകുപ്പിയുടെ
അറ്റം പിടിച്ചങ്ങിറങ്ങിവന്നു.....................
കയ്യെടുത്താട്ടി, കാലെടുത്താട്ടി
കരിങ്കല്ലിന്റെ കഷണമെടുത്താട്ടി -- നിഷ്ഫലം
വട്ടം പിടിച്ചതു പുറകേ ചെന്നു

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വെട്ടം കെടുത്തിയന്നത്തെയാട്ടം നിറുത്തി-
പട്ടു വര്‍ണങ്ങളെല്ലാമഴിച്ചിട്ട്
പടിഞ്ഞാറുമലകളില്‍ ചെടിപടര്‍ന്ന
അട്ടി മെത്തയിലാരോ പടുമറിഞ്ഞുറങ്ങിയപ്പോള്‍
അവന്‍ കണ്ട കാഴ്ചകള്‍ മങ്ങിത്തുടങ്ങി,
അതുവരെപ്പോകാത്ത വഴിയേ മണ്ടിത്തുടങ്ങി,
പുറകിലാ നായ്കുട്ടി മാത്രമായ് ചുരുങ്ങി.............................

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രണ്ടു പുള്ളിപുലിത്തലകളലറുന്ന മതിലുള്ള
കുറെ കള്ളിമുള്‍ച്ചെടികള്‍ തൂങ്ങിയ ചുവരുള്ള
'കല്ലു'മുറിച്ചു കുമിച്ചു വയ്ച്ചാലുണ്ടാകുമൊരു  മാളിക
മുന്നിലലസനായവനല്പനേരം നിന്നു
പയ്യെ, ഇല്ലാമനസ്സോടുള്ളില്‍ കടന്നു
"ഇതെന്റെ  നശിച്ച  വീടെ" ന്നകമേ പറഞ്ഞു.

എന്നുമെന്നപോലിന്നുമവരിരുവരും അവനെ കണ്ടു
പിന്നെ കണ്‍ പൂട്ടി കാണാതിരുന്നു
 'അച്ഛനും അമ്മയും'

പോരുകാഴ്ച്ചയിലെ ചേകവനും ആര്‍ച്ചയും
വീഴ്ച്ചയെല്ലാമപരന്റേതെന്നൊച്ചയിട്ടും-- തമ്മില്‍
പുച്ഛഭാവത്തില്‍ കലഹിച്ചും ,
നേര്ച്ച പോലൊന്നിച്ചുറങ്ങുന്ന കിടപ്പറയില്‍
കലഹവേഴ്ചയില്‍ രതിമൂര്‍ച്ഛ തേടും
അച്ഛനും അമ്മയും

'ഇമ്മട്ടിലിനിയിവിടെ ചമ്മട്ടിയേല്ക്കാനില്ലെ'
ന്നോര്‍മപ്പെടുത്തലുകള്‍-- അമ്മ
കേമത്തം വിളമ്പി 'ത്താമസം എന്റെ കൂരക്കകത്തെ'
ന്നോര്‍മപ്പെടുത്തലുകള്‍-- അച്ഛന്‍

തമ്മിലാടിത്തളരുന്ന വികൃത കുമ്മാട്ടികോമരങ്ങള്‍
അമ്മയും അച്ഛനും...................


അവന്‍ കരഞ്ഞു.............................
കണ്‍മുനമ്പില്‍ കണ്ട നീരുറവ , നോമ്പര സ്പന്ദനം
മന്ത്രങ്ങാളാക്കുന്ന ഹൃദയ ഭഗീരഥനെത്തേടി
യവന്‍ നെഞ്ചിലേക്കൊഴുകിയുണങ്ങി.
അവന്‍ കരഞ്ഞു........
നെഞ്ചു നനഞ്ഞു കരഞ്ഞു..............

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

പുറംവാതിലിന്‍ പുറത്തൊരു ലോകമുണ്ട്,
നിറം കുറഞ്ഞൊരു ലോകമിങ്ങകത്തുമുണ്ട്
'മറയത്തെങ്ങാനും പോ' യെന്നവര്‍ പറഞ്ഞ വാക്കുകള്‍
അറം പറ്റിപ്പോകുമെന്നറിയാമെന്നാകിലും
വറചട്ടിയില്‍ കിടന്നു വെന്തു നൊന്ത
ചെറു കാലടികളിറങ്ങിയോടി, സ്നേഹ നുറുങ്ങു തേടി.
മതില്‍ മറവില്‍ കാത്തിരുന്ന തെരുവുനായ്കുട്ടി
മുറിവാലുമാട്ടിയവനോടൊട്ടിയോടി...........


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

പെട്ടിക്കടയുടെ പലകകള് ‍പാതി പൊട്ടി-
പ്പൊളിഞ്ഞുമറിഞ്ഞു നില്‍ക്കും  തണലില്‍
രണ്ടു കുട്ടിച്ചിരികളൊളിച്ചിരുന്നു......
ചന്ദ്രവട്ടം തലമേലുയര്‍ന്നു............
പട്ടണരാവുറങ്ങാതിരുന്നു.....................

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

 

8 comments:

 1. തണല്‍ തേടുന്ന ബാല്യങ്ങള്‍...`....
  കൊള്ളാം...

  ReplyDelete
  Replies
  1. അങ്ങനെ പറഞ്ഞതും കൊള്ളാം..............................

   Delete
 2. kollaam, real face of life...

  ReplyDelete
 3. kollam...ashamsakal...eiyum ezhuthuka

  ReplyDelete
 4. നന്നായിരിക്കുന്നു ... :)

  ReplyDelete
 5. nannayirikunnu

  ReplyDelete
 6. വളരെ നന്നായിരിയ്ക്കുന്നു
  അര്‍ത്ഥമില്ലാക്കവിത?കളുടെ ബാഹുല്യത്തിനിടയില്‍ അര്‍ത്ഥവും ആശയവും ചേര്‍ച്ചയുമുള്ളൊരു കവിത

  ReplyDelete