Followers

Thursday 8 August 2013

കവിത- മൂന്ന് ചോദ്യങ്ങള്‍


 

  മൂന്ന്‍ ചോദ്യങ്ങള്‍  

                                                                                 vijith vijayan

പിറവി,
പിള്ളത്തൊട്ടിലില്‍ കയ്യുംകാലുമിട്ടടിച്ചു കരഞ്ഞു.
ചുറ്റും നിന്നവര്‍,
ചിരിച്ചുകൊണ്ടെന്‍റെ അംഗങ്ങളെല്ലാം പകുത്തെടുത്തു.
'മൂക്ക്' അമ്മയ്ക്ക്,
'കണ്ണ്‍'  അച്ഛന്,
'കീഴ്ത്താടി'യും, 'പാല്‍ച്ചുണ്ടും' അമ്മൂമ്മയ്ക്ക്.
പഴങ്കഥയിലെ യക്ഷിയെപ്പോലവര്‍
മുടിനാരും നഖങ്ങളും ബാക്കിവച്ചു.

ചോദ്യം-1
ഇതെല്ലാം ഇവരുടേതാണെങ്കില്
പിന്നെ എനിക്കെന്ത്? ‍
ഞാനെന്ത്?

നടുവില്‍ -
കൂട്ടുകാര്‍,
കാമുകി,
ഭാര്യ,
കുട്ടികള്‍.
സ്തുതിച്ചു പാടിയവര്‍, കൂടെ മദിച്ചവര്‍
ജയിച്ചുവായെന്നനുഗ്രഹിച്ചവര്‍.
പത്തുവയസ്സുള്ളവനും, പടുകിഴവനും
പട്ടടയൊരുക്കിയവര്‍.
പരസ്പരം വെന്നുചിരിച്ചവര്‍,
പരസ്പരം കൊന്നുരസിച്ചവര്‍.
മരിക്കുവോളം ജീവിച്ചിരുന്നവര്‍.

ചോദ്യം-2
ജയിച്ചവനും തോറ്റവനും മരിക്കുമെങ്കില്‍,
ജയപരാജയങ്ങളെന്തിന്?
അതിനു വേണ്ടിയുള്ള ജീവിതമെന്തിന്?
ഞാനെന്തിന്? നീയെന്തിന്?

ഒടുവില്‍,
പിതാവിന്‍റെ ജീനുകള്‍
പകര്‍ന്നു തന്ന
മാരകരോഗം.
മാതാവിന്‍റെ ജീനുകള്‍
പകര്‍ന്നു തന്ന
മാനസികരോഗം.

ചോദ്യം-3
എല്ലാം അവര്‍ തന്നതെങ്കില്‍,
പിന്നെ എന്‍റെതെന്ത്?
എനിക്കെന്ത്? ഞാനെന്ത്?

 

3 comments:

  1. ചോദ്യങ്ങള്‍ എല്ലാം നന്നായി..

    ReplyDelete
  2. കണക്കുകൂട്ടി നോക്കിയാള്‍ ആര്‍ക്കും ഒന്നുമില്ല.
    നല്ല എഴുത്ത്.

    ReplyDelete
  3. എല്ലാം അവര്‍ പങ്കിട്ടെടുത്തോട്ടെ പക്ഷെ നമുക്ക് ആന്തരികമായി ആര്‍ക്കും പകരം വെയ്ക്കാനാവാത്ത ഒന്നിനെ നമുക്ക് ഉണ്ടാക്കിയെടുക്കാം ,വ്യക്ത്വിത്വം !

    ReplyDelete