Followers

Saturday, 2 November 2013

കഥ- 'റോയല്‍ ബഫൂണ്‍‍സ്'


                 

                              എട്ടു ദിവസമായി അച്ഛന്‍ വീട്ടിലെത്തിയിട്ട്. കൊമ്പന്‍ സര്‍ക്കസ്സിലേക്ക് അത്യാവശ്യമായി പന്ത്രണ്ട് കോമാളികളെ വേണ- മെന്ന് വിളി വന്ന വെളുപ്പാന്‍കാലത്ത്‌ ഒരു ഒറ്റമുണ്ടും കറുത്ത കോട്ടും അണിഞ്ഞിറങ്ങിപ്പോയതാണ്. ആദ്യദിനം ആരും പരസ്പരം അന്വേഷിച്ചില്ല. രണ്ടാം ദിനം അമ്മയെന്‍റെ  കണ്ണുകളിലേക്ക് ദയനീയമായി നോക്കി, ഞാന്‍ ഇരട്ടി വേഗത്തില്‍ മാനത്തേക്കും. മൂന്നാം ദിനം മുതല്‍ മാത്രമാണ് അമ്മ കരഞ്ഞു തുടങ്ങിയത്. നിലത്തുവീണ കണ്ണുനീരില്‍ കണ്മഷിയുടെ കറുപ്പും ലിപ്സ്റ്റിക്കിന്‍റെ ചുവപ്പും കലങ്ങി പുതിയൊരു നിറം തന്നെ സൃഷ്ടിക്കപ്പെട്ടു.
                            അച്ഛന്‍, 'റോയല്‍ ബഫൂണ്‍സ്' എന്ന പേരില്‍ സര്‍ക്കസ്സി
ലേക്ക് കോമാളികളെ വിതരണം ചെയ്യുന്ന സാമാന്യം വിറ്റുവരവുള്ള ഒരു കമ്പനി നടത്തിപ്പോരുകയായിരുന്നു. അങ്ങനെ അദ്ദേഹം കഷ്ടപ്പെട്ട്  വ്യാപാരം ചെയ്താണ് ഭക്ഷണത്തിനു വിശന്ന എന്‍റെ വയറ്റിലേക്ക് കഞ്ഞിയും ബിയറും നിറച്ചു തന്നത്. ഇനിയിപ്പോള്‍ ..... എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല. അന്വേഷിക്കാന്‍ ഇനിയൊരു സ്ഥലമോ സ്ഥാപനമോ ബാക്കിയില്ല . കഴിഞ്ഞ വര്‍ഷം പിണങ്ങിയിറങ്ങിയതില്‍ പിന്നെ തട്ടാമല ശാന്തയുടെ ഭവനത്തില്‍  ചെന്നു കയറിയതും അച്ഛനെ അന്വേഷിക്കാനാണ്. സര്‍വ്വ ഈശ്വരന്‍മാര്‍ക്കും അമ്മ നേര്‍ച്ച നേര്‍ന്ന് കാത്തിരിപ്പാണ്.സ്വത്തിന്‍റെ കാര്യത്തില്‍ യാതൊരുവിധ തീര്‍പ്പും നടത്തിയിട്ടില്ല. എല്ലാം അമ്മയ്ക്കും, അവരുടെ ഏകസന്താനമായ എനിക്കും എന്നു കരുതി സമാധാനിക്കാമെങ്കിലും, എവിടെന്നെങ്കിലും ഏവനെങ്കിലും കയറി വരില്ലെന്ന് ആരു കണ്ടു. 
                         പുറത്ത്, തുരുമ്പെടുക്കാത്ത ലോഹകമ്പികള്‍ തലങ്ങും വിലങ്ങും ചേര്‍ത്ത് വച്ച് അച്ഛന്‍ നിര്‍മ്മിച്ച കൂട്ടില്‍ ഇപ്പോഴും കുറച്ചു കോമാളികള്‍ ബാക്കിയുണ്ട്. പിന്തുടര്‍ച്ചാവകാശം സ്ഥാപിച്ചു കിട്ടണമെങ്കില്‍ അച്ഛന്‍റെ വ്യാപാരം ഞാന്‍ നടത്തിയേ മതിയാകൂ എന്ന്‍ കുടുംബവക്കീല്‍ എഴുതി അറിയിച്ചിട്ടുണ്ട്. ചെയ്യണം...... വെറുതെ ഇരുന്നാല്‍ മതിയാകില്ല. അമ്മയ്ക്കോ, അച്ഛനോ, എനിക്കോ വേണ്ടിയല്ല, ആ  കോമാളികള്‍ക്ക് വേണ്ടിയാണ്. അവരുടെ മീശയുള്ള ദൈവങ്ങള്‍ക്ക് ഉത്സവപ്പിരിവ് നല്കണം, ഉത്സവത്തിന്‍റെ അവസാനദിനം സദ്യാദാനം നല്കണം, എല്ലാ കുടുംബത്തിനും തിരിച്ചറിയല്‍കാര്‍ഡ്  നല്കണം, മേലേക്ക് നോക്കി വാപൊളിക്കാന്‍ എന്‍റെ ജന്മനാളില്‍ ഒരു വലിയ കരിമരുന്നു പ്രയോഗം സംഘടിപ്പിക്കണം. ഇതെല്ലാം അച്ഛന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ആശ്രിതസേവന പ്രവര്‍ത്തനങ്ങളാണ്. അതു നിലച്ചാല്‍ പാവം ആ കോമാളി കുടുംബങ്ങള്‍ സങ്കടപ്പെടും, അച്ഛനെ ശപിക്കും. അതിനിട വരുത്തരുത്.
                       കോമാളികളെ ആവശ്യപ്പെട്ട് ഇപ്പോഴും സര്‍ക്കസ്സ് ഉടമകള്‍ വിളിക്കുന്നുണ്ട്. അച്ഛന്‍റെ  തിരോധാനം അറിയാത്തവരാവും അവര്‍. നന്ന്,‍ നാളെ മുതല്  കുടുംബ ബിസിനസ്സ് ഏറ്റെടുക്കണം . പുറത്ത് കൂട്ടിലുള്ള കോമാളികളെ കൂടാതെ   കുറച്ചെണ്ണത്തിനെ ചേരിയില്‍ നിന്നും വരുത്താം . കുള്ളന്‍ കോമാളികള്‍ക്കാണ് ആവശ്യക്കാരേറെ. ഗതികേടിന് കൂട്ടിനുള്ളില്‍ കുള്ളന്‍ കോമാളികളുടെ എണ്ണം വളരെ കുറവാണ്. സാരമില്ല ചേരിയില്‍ നിന്നും കുട്ടികളെ വേഷം കെട്ടി നിറുത്തിയാല്‍ ആരും തിരിച്ചറിയാന്‍ പോകുന്നില്ല. ചേരിയിലെ  കുട്ടികള്‍  പള്ളികൂടത്തില്‍   പോകുന്നത്  അച്ഛനു വെറുപ്പായിരുന്നു,  പാഠപുസ്തകങ്ങള്‍   അദ്ദേഹത്തിന്‍റെ  ജനനകാലം വരെ മാത്രമേ പരിഷ്കരിക്കപ്പെട്ടിരുന്നുള്ളൂ.  അതുകാരണം കിടാങ്ങള്‍  ഏറെപ്പേരും  പള്ളികൂടത്തിനു കല്ലെറിയാന്‍ പഠിച്ചു. എല്ലാം അച്ഛന്‍റെ  ദീര്‍ഘവീക്ഷണം. അയല്‍നഗരത്തിലെ വലിയ സ്കൂളില്‍ പഠിച്ച എനിക്ക് ആ ഭാഗ്യം ഉണ്ടായിട്ടില്ല. 
                         നാളെ മുതല്‍ ഞാന്‍ വ്യാപാരത്തിനിറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അമ്മ കുറേ ഉപദേശിച്ചു. കോമാളികളുടെ ഇടയില്‍ ഈയിടെയായി പാപചിന്തകള്‍ പൊട്ടിമുളച്ചിട്ടുണ്ട്. അവര്‍ അനാവശ്യത്തിനു ഭക്ഷണവും, ധൂര്‍ത്തടിക്കാന്‍ വെള്ളവും ചോദിക്കുന്നു. സാമ്പത്തികസമത്വം എന്നൊന്ന് വേണമെന്ന് അവരിലൊരുവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി ചോദിച്ചത് അമ്മ കണ്ടിട്ടുണ്ടത്രേ. ആ വാക്കിന്‍റെ അര്‍ത്ഥം അച്ഛന് അറിയില്ലാത്തതിനാല്‍ ചോദിച്ചവന്‍ രക്ഷപ്പെട്ടു. ഇത്തരത്തില്‍  ചില അപകടകാരികള്‍ കൂട്ടിനുള്ളിലും ഉണ്ട്. അതുകൊണ്ട് കൂട് തുറക്കാതെ   തന്നെ അതിനെ ഏതെങ്കിലും വാഹനത്തില്‍ കെട്ടി വലിച്ചുകൊണ്ട് പോകുന്നതാണ് നല്ലതെന്നാണ് അമ്മയുടെ പക്ഷം. ഇനി ആ നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നു വേണ്ട.
                               അച്ഛന്‍റെ ഡയറി നോക്കി മനസ്സിലാക്കിയതാണ്, നാളെ മൂന്നിടങ്ങളില്‍ കോമാളികളെ വിതരണം ചെയ്യാനുണ്ട്. അതിരാവിലെ ഉണരണം. ചിന്തകള്‍ നിലയ്ക്കുന്നില്ലല്ലോ............. കണ്ണുംപൂട്ടി കിടക്കാം...............
**  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **
                          
                            ഉണരാന്‍  താമസിച്ചു പോയി. സാരമില്ല, ഒരല്പം വേഗത്തില്‍ വാഹനമോടിച്ചാല്‍ സമയക്രമം പാലിച്ചു തന്നെ മൂന്നിടങ്ങളിലും എത്തിപ്പെടാം. അടുക്കളവശത്ത്‌, കോമാളികൂട്ടിനുള്ളില്‍  കുറേ ചീവീടുകള്‍ കരയുന്നപോലെ ശബ്ദങ്ങള്‍  ‍ ‍ കേള്‍ക്കാം. എല്ലാപേരും ഉണര്‍ന്നു കഴിഞ്ഞു. ഒരു 'ഗുഡ് മോര്‍ണിംഗ്' പറഞ്ഞ് അടുത്തേക്ക് ചെന്നപ്പോള്‍ അവര്‍ക്കെല്ലാം എന്തു സന്തോഷം!. ഏതാണ്ടെല്ലാ പേരും തങ്ങളുടെ മുഖത്ത് ചായംതേച്ച്‌ , പല വര്‍ണ്ണത്തിലുള്ള കുപ്പായവും അണിഞ്ഞ് തയ്യാറായി നില്പ്പുണ്ട്. ബാക്കിയുള്ളവര്‍ അവസാനവട്ട മിനുക്ക്‌ പണികളിലാണ്. കുറച്ചു പേര്‍ എന്നെ ആരാധനയോടെ നോക്കുന്നുണ്ട്. കുറച്ചു പേര്‍ ആവേശത്തോടെ അഭിവാദ്യം ചെയ്തു. കുറച്ചു പേര്‍ കമ്പിയഴികളില്‍ മുഖം ചേര്‍ത്ത് രഹസ്യമായി ഇന്നലെ കൂട്ടിനുള്ളില്‍ എനിക്കെതിരായി നടന്ന ചര്‍ച്ചകള്‍ ചോര്‍ത്തിതന്നു. വേറെ കുറച്ചു പേര്‍ മാത്രം ഒരു കോണില്‍ മാറിനിന്ന്‍ ഈര്‍ഷ്യയോടെ നോക്കുന്നു. ഇവരായിരിക്കും അമ്മ പറഞ്ഞ കുഴപ്പക്കാര്‍. വരട്ടെ കാണാം.... ഞാനൊരു വലിയ ചങ്ങലയെടുത്ത് കൂടിനെ വാഹനത്തിനു പിന്നിലായി ബന്ധിച്ചു. പോകാമോ എന്നവരോട് ആംഗ്യഭാഷയില്‍ ചോദിച്ചു. ഭൂരിപക്ഷം പേരും പോകാമെന്ന് തലയാട്ടി കാണിച്ചു.വാഹനം ചലിച്ചു തുടങ്ങി.
************************************************************************
                    ഞാനാകെ സ്തബ്ധനായിപ്പോയി .. ഇതെങ്ങനെ സംഭവിച്ചു? അച്ഛന്‍ വിതരണം ചെയ്യാത്ത ദിവസങ്ങളിലും സര്‍ക്കസ്സ് കമ്പനികള്‍ക്ക് കോമാളികളെ ആവശ്യമുണ്ടായിരുന്നല്ലോ, അവര്‍ അച്ഛനെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ കിട്ടിയ അവസരം മുതലാക്കിയ അച്ഛന്‍റെ പഴയ ഒരു ആശ്രിതകോമാളി,  വേറെ ചില കോമാളികളേയും  കൂട്ടി ഒരു സംഘം രൂപീകരിച്ച് സര്‍ക്കസ്സ് മുതലാളിമാര്‍ക്ക് കോമാളികളെ വിതരണം ചെയ്ത് തുടങ്ങിയിരിക്കുന്നു. 'കോമാളികള്‍ക്കു വേണ്ടി കോമാളികളാല്‍ രൂപീകരിക്കപ്പെട്ട കോമാളികളുടെ സംഘം' എന്ന പരസ്യവാചകം നല്കി ,'അഖിലലോക കോമാളിസംഘം' സര്‍ക്കസ്സ് കമ്പനികളില്‍ കയറിയിറങ്ങി വിതരണം നടത്തുന്നു. കോമാളികള്‍ ഭരിക്കുന്ന സര്‍ക്കസ്സ്കൂടാരങ്ങള്‍ എന്ന കളവ് പ്രചരിപ്പിച്ചാണത്രേ ചേരികളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും അവര്‍ ആളെ സംഘടിപ്പിച്ച് കോമാളികളാക്കിയത്. പക്ഷേ  അവരും ഞാനും ഒരേ   വ്യാപാര മാണല്ലോ    ചെയ്യുന്നത്. ഒരേ തൊഴില്‍ രണ്ടു തരത്തില്‍ .
                  ആദ്യം ചെന്ന രണ്ടിടങ്ങളിലും , ഞാന്‍  പിണങ്ങും  എന്ന്‍ കരുതിയിട്ടാകണം , കുറച്ചു പേരെ നിര്‍ത്തി പോകാന്‍ പറഞ്ഞു. അതെന്തായാലും ആശ്വാസം. മൂന്നാമത്തെയിടത്തില്‍ ഒരൊറ്റയൊന്നിനെ പോലും വേണ്ട എന്നു തീര്‍ത്തു പറഞ്ഞു.എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പരിസരബോധം നഷ്ടപ്പെട്ട് കരഞ്ഞു. 'റോയല്‍ ബഫൂണ്‍‍സ്'  കോമാളികളില്‍ ചിലര്‍ ചിരിക്കുകയും, ചിലര്‍ കരയുകയും, ചിലര്‍ പാതിമുഖത്തില്‍  ചിരിക്കുകയും മറ്റേ പാതിയില്‍ കരയുകയും ചെയ്തു. അപ്പോഴാണ്‌ 'അഖിലലോക കോമാളിസംഘം'  എന്നെഴുതിയ വാഹനം എന്‍റെ മുന്നിലൂടെ ചീറിപാഞ്ഞ്‌ പോയത്.    ആ വാഹനത്തിന്‍റെ പുറകിലെ ജനാല വഴി ഒരു വയസ്സന്‍ കോമാളി എന്നെ ദയനീയഭാവത്തില്‍ സൂക്ഷിച്ചു നോക്കുന്നു. ആര്‍ക്കും വേണ്ടാതെ വന്നതായിരിക്കാം. അല്ലെങ്കില്‍ അടുത്ത കമ്പനിയിലേക്ക് വിതരണം ചെയ്യാനുള്ളതായിരിക്കാം..
                    അല്ല............ കണ്ണുനീര്‍ തുടച്ച് ഞാന്‍ സൂക്ഷിച്ചു നോക്കി ...... ആ കോമാളിക്ക് എന്‍റെ അച്ഛന്‍റെ മുഖച്ഛായയായിരുന്നു.........
                                                                           
                                                                                           vijith vijayan

7 comments:

 1. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വായനക്കാരനെ കണ്‍ഫ്യൂസ്ഡ് ആക്കാതെ കഥ പറയാന്‍ ശ്രമിച്ചിട്ടുണ്ട്..

  ReplyDelete
 2. ഫോര്‍ ദ കോമാളീസ്
  ബൈ ദ കോമാളീസ്
  ഓഫ് ദ കോമാളീസ്

  കഥ കൊള്ളാം കേട്ടോ

  ReplyDelete
 3. good story. Pakshe athu achan thanneyayirunno? atho thonniyatho?
  Achan enthinu komaliyakanam?

  ReplyDelete
 4. കോമാളികളുടെ ലോകം ..നന്നായി ....

  ReplyDelete
 5. സാധാരണതയില്‍ നിന്ന് വെത്യസ്തമായി പറഞ്ഞ കഥ അഭിനന്ദനങ്ങള്‍

  ReplyDelete
 6. ഇത് വരെ കേള്‍ക്കാത്ത കഥ. ആരും പറയാത്ത ഈ കഥ പറഞ്ഞതിന് ഞാന്‍ എന്ത് സമ്മാനം തരണം? :)

  ReplyDelete
 7. Good story... But isn't joker selling business a bit super fictional? Or it symbolic?

  ReplyDelete